കൊല്ലവർഷം
1103 അഥവാ ക്രിസ്തബ്ദം 1928ന് ആണല്ലൊ ദിവകരൻ തിരുമേനിയുടെ ജനനം. ഈ കാലഘട്ടത്തിൽ
കേരളത്തിൽ പ്രത്യേകിച്ചും ആമ്പല്ലൂർ,
മണ്ണംപേട്ട, പൂക്കോട്, വരന്തരപ്പിള്ളി മുതലായ പ്രദേശങ്ങളിൽ വിദ്യാഭ്യാസ
സൗകര്യം തുലോം കുറവായിരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ
പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശങ്ങളിലെ പ്രധാന തൊഴിൽ കൃഷിയായിരുന്നു.
കാലാവസ്ഥാക്കെടുതികളും അശാസ്ത്രീയമായ കൃഷിരീതികളും മൂലം വളരെ കുറഞ്ഞ വിളവുകളെ
അന്നു ലഭ്യമായിരുന്നുള്ളു. അതിനാൽ തന്നെ കൂലി - അന്നു വല്ലി എന്നാണ് പറഞ്ഞിരുനത്
- ഇല്ല എന്നു പറയാവുന്നത്ര കുറവായിരുന്നു. നെല്ലൊ അരിയൊ മറ്റു വിളവുകളൊ ആണ്
വല്ലിയായി നല്കിയിരുന്നത്. പ്രധാനമായും നെല്ലു തന്നെ വല്ലി. വീട്ടിലുള്ള എല്ലാ
അംഗങ്ങളും ജോലി ചെയ്താൽപ്പോലും ഒരു
നേരത്തെ കഞ്ഞിക്കുള്ള വക കിട്ടാത്ത കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച്
ആരു ചിന്തിക്കാൻ; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം മറ്റൊരു വശത്തും. ഏതാനും
ആശാന്മാരാണ് ഗ്രാമത്തിലെ വിദ്യാഭ്യാസ പരമായ ആവശ്യങ്ങൾ ഒരു പരിതി വരെ
നിറവേറ്റിയിരുന്നത്.
1934
ന് അടുത്ത് മലയാളം എഴുതാനും വായിക്കാനും പഠിക്കാൻ തുടങ്ങി. ഇന്നത്തെപ്പോലെ
സ്ളേറ്റൊ പെൻസിലൊ കടലാസൊ പുസ്തകങ്ങളൊ അന്നില്ലായിരുന്നു. പിന്നെങ്ങനെ
എഴുതിപ്പഠിക്കും? മണലെഴുത്തിനാണ് അന്ന് പ്രചാരം. ഒരുപാത്രത്തിൽ അല്പം പൂഴി മണൽ,
ഒരു കുഞ്ഞിമുറം ഇവയാണ് അന്നത്തെ പഠനോപകരണങ്ങൾ. ആശാന്റെ വീട്ടിലെത്തിയാൽ മണൽ
കുഞ്ഞിമുറത്തിൽ പരത്തിയിടും. അതിൽ ആശാൻ അക്ഷരം എഴുതിയിടും. അതുനോക്കി തെറ്റാതെ
എഴുതി ശീലിക്കണം. തെറ്റിയാലൊ? ശിക്ഷ കടുപ്പം തന്നെ ആയിരിക്കും; മുറത്തിൽ നിന്ന്
അല്പം മണലെടുത്ത് തുടയിൽ വച്ച് തിരുമ്മും. അങ്ങേലോകം കാണുന്ന ശിക്ഷ; ഭൂരിഭാഗം
ദിവസവും രക്തം ചിന്തിയാണ് വിദ്യാഭ്യാസം തുടർന്നിരുന്നത്. മളയാളം എഴുതാനും
വായിക്കാനും നന്നായി പഠിച്ചു ദിവാകരൻ മണലെഴുത്തു വഴി. അപ്പോഴേക്കും
വരന്തരപ്പിള്ളിയിൽ സെന്റ് അന്റണീസ് ലോവർ പ്രൈമറി സ്കൂൾ എന്നൊരു വിദ്യാലയം
പ്രവർത്തനമാരംഭിച്ചിരുന്നു. നാട്ടിലെ ഭേദപ്പെട്ട വീടുകളിലെ കുട്ടികൾ അവിടെ ചേർന്ന്
പഠിച്ചു തുടങ്ങിയ കാര്യം തെക്കേടത്തു മനയിലും അറിഞ്ഞു. ദിവാവരനെ സ്കൂളിലയച്ചു
പഠിപ്പിക്കാൻ തീരുമാനമായി.വരന്തരപ്പിള്ളിയിൽ സെന്റ് അന്റണീസ് ലോവർ പ്രൈമറി സ്കൂളിൽ
ഒന്ന്, രണ്ട് ക്ലാസ്സുകളിലായി രണ്ടുവർഷം പഠനം തുടർന്നു. അപ്പോഴേക്കും
വേദപഠനത്തിനുള്ള പ്രായം എത്തിയിരുന്നു ദിവകരന്. അതിനാൽ സ്കൂൾ പഠനം അവിടെ
അവസാനിച്ചു. പിന്നീട് പത്തു വർഷം നീണ്ടുനിന്ന വേദപഠനമായിരുന്നു.
No comments:
Post a Comment